ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽ നടന്ന ചാവേറാക്രമണത്തിൽ 359 പേർ കൊല്ലപ്പെട്ടിരിക്കുന്നു. ഉയിർപ്പു തിരുന്നാളാഘോഷിക്കാനെത്തിയ വിശ്വാസികളെയാണ് ചാവേറുകൾ ലക്‌ഷ്യം വച്ചത്. കണ്ണടച്ച് പ്രാർത്ഥിച്ചിരുന്നവർക്ക് ആ കണ്ണുകൾ പിന്നീട് തുറക്കേണ്ടി വന്നില്ല, അത്ര പെട്ടന്ന് അവരുടെ മരണം സംഭവിച്ചു
കൊല്ലപ്പെട്ടവർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും( 49), മാസങ്ങൾക്കു മുൻപു നടന്ന ക്രൈസ്റ്റ്ചർച്ചു ഭീകരാക്രമണത്തിൽ മരണമടഞ്ഞവർ അതിലും ഭയാനകമായ സാഹചര്യത്തിലാണ് മരണത്തെ മുന്നിൽ കണ്ടത്. ഒരു തോക്കുധാരി അവർക്കു മുൻപിൽ നിന്നു നിറയൊഴിച്ചപ്പോൾ അടുത്ത ഉഴം തന്റെതെന്നറിഞ്ഞുകൊണ്ടാവണം അവരിൽ പലർക്കും ജീവൻ വെടിയേണ്ടി വന്നത്.
ഇന്ത്യയിൽ പശുക്കളുടെ പേരിൽ കൊല്ലപ്പെടുന്നവരുടെ അന്ത്യം ഇതിലൊക്കെ ദാരുണമാണ്. അവർ മിക്കവാറും തല്ലിക്കൊല്ലപ്പെടുകയാണു പതിവ്, ഇഞ്ചിഞ്ചായുള്ള മരണം.
ക്രൈസ്റ്റ്ചർച്ചിൽ വെടിവയ്പ് നടത്തിയത് ഓസ്‌ട്രേലിയക്കാരനായ ഒരു വലതുപക്ഷ ഭീകരനായിരുന്നു. ന്യൂസിലാൻഡിൽ ചുരുങ്ങിയ കാലയളവിൽ ഉണ്ടായ മുസ്ലിം വിഭാഗത്തിന്റെ വംശവർധനയാവാം അയാളെ പ്രകോപിതനാക്കിയത്.
മുസ്ലിം പള്ളികളിൽ നടന്ന വെടിവയ്‌പിനുള്ള മറുപടിയായി കൊളോമ്പോ ആക്രമണത്തെ സർക്കാർ വിലയിരുത്തുന്നു.
പ്രത്യക്ഷത്തിൽ സമാധാനമന്ത്രം ഉരുവിടുന്ന മതവിശ്വാസികൾ എന്തുകൊണ്ടാണ് ഭീകരരായി പൊട്ടിത്തെറിക്കാനും തങ്ങളുടെ വിശ്വാസ രീതി പിന്തുടരാത്തവരെ ഉൻമൂലനം ചെയ്യുവാനും തക്ക മനസികാവസ്ഥയിലെത്തുന്നത്
കൊളോമ്പോയിൽ പൊട്ടിത്തെറിച്ചവരെല്ലാം തന്നെ വിദ്യാസമ്പന്നരും സാമ്പത്തികമായി നല്ല ചുറ്റുപാടിൽ നിന്നു ള്ളവരുമായിരുന്നത്രെ.
ഇറാക്കും സിറിയയും കേന്ദ്രീകരിച്ച് ഇസ്‌ലാമിക് സ്റ്റേറ്റിനു രൂപം കൊടുക്കുവാനും നൂറ്റാണ്ടുകൾക്കു മുൻപു നിലനിന്നിരുന്ന കാലിഫേറ്റ് ഭരണ രീതി കൊണ്ടുവരുവാനും വേണ്ടി മുസ്ലിം തീവ്ര വാദികൾ യുദ്ധം പ്രഖ്യപിച്ചപ്പോൾ യൂറോപ്പും അമേരിക്കയുമുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അവരോടു ചേർന്നു യുദ്ധം ചെയ്യുവാൻ മുസ്ലിം പോരാളികളെത്തി. പാശ്ചാത്യ സംസ്കാരത്തിൽ വളർന്ന, സമ്പന്നതയിൽ ജീവിച്ചിരുന്ന ചെറുപ്പക്കാരികൾ ആ സുഖസൗകര്യങ്ങളെല്ലാമുപേക്ഷിച്ച് IS പോരാളികൾക്ക് ശയനസുഖം നൽകി യുദ്ധവീര്യം നിലനിർത്തുവാനും അവരുടെ മക്കളെ പ്രസവിക്കുവാനും തയാറായി യുദ്ധമുന്നണിയിലേയ്ക്കു വണ്ടി കയറി.
വിശ്വാസം തീവ്രമാകുമ്പോൾ വിദ്യാഭ്യാസവും ഉയർന്ന ജീവിത സാഹചര്യങ്ങളുമെല്ലാം ഇട്ടെറിഞ്ഞു വിശ്വാസസംരക്ഷണത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുവാൻ തക്ക മാനസികാവസ്ഥയിലേക്ക് ആരാണിവരെ എത്തിക്കുന്നത്.
യൂറോപ്പിലെ മോസ്കുകളിൽ പ്രഭാഷണം നടത്തുന്ന ഇമാമിന്, പല രാജ്യങ്ങളും, സംസ്കാരങ്ങൾ തമ്മിൽ ഒരുമപ്പെട്ടു പോകുന്ന തരത്തിൽ പ്രഭാഷണങ്ങൾ നടത്തേണ്ടതിനായി പ്രത്യേക പരിശീലനം നൽകുന്നു.
എന്നാൽ യൂറോപ്പിലെത്തുന്ന വചനപ്രഘോഷകർ മത സൗഹാർദ്ദത്തെ ഹനിക്കുന്ന രീതിയിൽ വരെ തങ്ങളുടെ കേൾവിക്കാരെ മെരുക്കിയെടുക്കുന്നു
ഇറാക്കിലും സിറിയയിലുമൊക്കെ യുദ്ധപരാജയം ഏറ്റുവാങ്ങി IS പടയാളികൾ പിന്തിരിഞ്ഞപ്പോൾ അവർ അവസാനിക്കയല്ല ചെയ്തതെന്ന് ശ്രീലങ്കയിലെ ആക്രമണം വ്യക്തമാക്കുന്നു.
മനസ്സിൽ ഭീകരതയുടെ, തീവ്ര വിശ്വാസത്തിന്റെ വിത്തുകൾ പാകപ്പെട്ട ഒരു വിശ്വാസി, ലോകത്ത് എവിടെ ആയിരുന്നാലും, മാരക ശേഷിയുള്ള ആയുധം കൈയിൽ കിട്ടിയാൽ ഒരു ഭീകരാക്രമണം തനിയെ പ്ലാൻ ചെയ്യാനും പ്രാവർത്തികമാക്കാനും പ്രാപ്തനാണെന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്റർനെറ്റിലൂടെ പരതി അതി മാരകശേഷിയുള്ള സ്‌ഫോടക സാമഗ്രികൾ വരെ തനിയെ രൂപപ്പെടുത്തുവാൻ ഇന്ന് ആർക്കും സാധിക്കും.
പശുവിനെ കൊന്നതിനു മേൽ ജാതിക്കാരിൽ നിന്നോ അന്യ മത വിഭാഗക്കാരിൽ നിന്നോ മർദനമേറ്റു മരണപ്പെട്ടവന്റെ ബന്ധുക്കൾക്കു പ്രതികാര വാൻഞ്ച മൂത്ത് ഒരു ക്ഷേത്രം നശിപ്പിക്കുവാനുള്ള തോന്നൽ പെട്ടന്നുണ്ടാവുന്നതാവും
ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം നടത്തി നിരപരാധികളെ വകവരുത്തിയവർക്കെതിരെ പ്രതികരിക്കണമെന്ന് തോന്നലുണ്ടാവുന്നതും യാദൃശ്ചികമായിരിക്കും
തന്റെതല്ലാത്ത വിശ്വാസവിഭാഗങ്ങളെ അംഗീകരിക്കാത്ത മുസ്ലിമിന് അവരെ ഉൻമൂലനം ചെയ്യാനുണ്ടാവുന്ന തോന്നലും സാധാരണം
അതാണ് ഇക്കഴിഞ്ഞ നാളുകളിലെ സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്
തക്കതായ ആയുധം കൈൽ കിട്ടിയാൽ ഒരു ഭീകരാക്രമണം നടത്താൻ ഇനി ഒരു ഗ്രുപ്പിന്റെ പിൻബലം ആവശ്യമില്ല . ഓരോ തീവ്ര വിശ്വാസിയും ഏതു നേരവും ഒരു ചാവേറായി രൂപാന്തരപ്പെടാനും ലോകത്തിന്റെ ഏതു കോണിലും ആക്രമണം നടത്താനും പ്രാപ്തനാണെന്നു സാരം.
ഇത് സംഭവിക്കാതിരിക്കണമെങ്കിൽ പ്രഭാഷകർ മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള സമാധാനത്തിന്റെ സന്ദേശം മാത്രം തങ്ങളുടെ അനുയായികളെ പഠിപ്പിക്കുക. മറ്റു മതങ്ങളെയും വിശ്വാസരീതികളെയും അംഗീകരിക്കുവാനും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരാണ് ലോകത്ത് ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്നതെന്നുമുള്ള യാഥാർഥ്യം അവരെ മനസ്സിലാക്കുക.
ദൈവങ്ങൾ മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒരുമയോടെ ജീവിക്കുവാനാണ് പ്രാപ്തരാക്കേണ്ടത്, ഭൂമിയിൽ ഒരുമിക്കാത്തവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ എന്ത് ചെയ്യും!