Pages

Life and The Universe

കെട്ടാച്ചരക്കുകൾ

  കെട്ടാച്ചരക്കുകൾ


കൂടെ കൂട്ടാനൊരു ജീവിത സഖിയെ തേടിയുള്ള അനേഷണം വഴിമുട്ടിയപ്പോളാണ് കോട്ടയം, കാണക്കാരി സ്വദേശി അനീഷ് സെബാസ്റ്റ്യൻ  ആ കടും കൈ ചെയ്യാൻ തീരുമാനിച്ചത്. തന്റെ ഫോട്ടോ വച്ചുള്ള ഒരു ഫ്ളക്സ് സ്വന്തം തടിക്കടയുടെ മുൻപിൽ പ്രദർശിപ്പിച്ചു കൊണ്ട് അദ്ദേഹം പെണ്ണന്വേഷിച്ചിറങ്ങി. മറ്റൊരർത്ഥത്തിൽ സ്വയം വില്‍പനയ്ക്കു  വച്ചു .
ഏതാനും വര്‍ഷങ്ങളായി വിവാഹ ദല്ലാളുമാരും ഏജൻ സികളുമൊക്കെ ശ്രമിച്ചെങ്കിലും സ്വന്തമായി  തടിക്കച്ചവടം നടത്തിയിരുന്ന  സെബാസ്റ്റ്യനെ വിവാഹം ചെയ്യാൻ ഒരുക്കമുള്ള ഒരു പെണ്ണിനെ കണ്ടെത്താൻ അവർക്കായില്ല.


ഇണയെ കണ്ടെത്താനുള്ള അവസാന മാർഗമായിട്ടാണ് സെബാസ്റ്റ്യന്റെ ഫ്ളക്സ് ഉയരുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരന്ന കൗതുകമുണർത്തിയ  ഈ വാർത്ത പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. സുമുഖനും, ആരോഗ്യവാനും സ്വന്തമായി ബിസ്നസ്സ് നടത്തുന്നവനുമായ ഒരുവന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടെന്നോ? ! 
സ്ത്രീധനം കൊടുക്കാൻ ബുദ്ധിമുട്ടിയും, സ്വഭാവ ദൂഷ്യം ആരോപിച്ചും നക്ഷത്രങ്ങളുടെ ചതിയിൽപ്പെട്ടും   പെൺകുട്ടികൾ   വരനെ തേടി അലയുന്നതും വിവാഹം നീണ്ടു  പോകുന്നതുമൊക്കെ നമുക്ക് സുപരിചിതമാണ്, 
എന്നാൽ  സെബാസ്റ്റ്യനെ പോലെയുള്ള ഒരുവന് ഒരു പെണ്ണ് കിട്ടാനില്ലെന്നത് ഒറ്റപ്പെട്ട സംഭവമാണോ, അതോ അതിശയോക്തി കലർത്തിയ വാർത്തയോ ?

ഇതു രണ്ടുമല്ല, വികസിത കേരളത്തിൽ ഇന്നു നില നിൽക്കുന്ന, പച്ചയായ യാഥാർഥ്യമാണിത്.

7-8 വര്‍ഷങ്ങള്‍ക്കു മുൻപാണ് ജോണിയെ ഞാൻ പരിചയപ്പെടുന്നത്. പുതുതായി വച്ച റബ്ബർ തോട്ടത്തിൽ കൈതക്കൃഷി നടത്താൻ ഏറ്റത് ജോണിയും അയാളുടെ സുഹൃത്തും കൂടിയായിരുന്നു. ഡൽഹിയിൽ സ്വന്തമായി ചെറിയ കച്ചവടം നടത്തിയിരുന്ന ജോണിയുടെ, കടയ്ക്കു തീ പിടിച്ചു നശിച്ചതുകൊണ്ടാണ് അവൻ നാട്ടിലേയ്ക്ക് തിരിച്ചു പോന്നത് .
രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചയച്ചു.
അമ്മയും ജോണിയും മാത്രമേ വീട്ടിലുള്ളു .
സാമാന്യം തരക്കേടില്ലാത്ത വീടും കുറച്ചു സ്ഥലവും സ്വന്തമായുണ്ട്. അവിടെ കൃഷി ചെയ്തും റബ്ബർ കടും വെട്ടും കൈതക്കൃഷിയുമൊക്കെ കരാറിനേറ്റു  നടത്തിയും സാമാന്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയാണ് ജോണിയ്ക്കുള്ളത്.
വീട്ടിൽ അമ്മയും ജോണിയും തനിച്ചായതോടെ 35 കാരനായ ജോണി കല്യാണം കഴിക്കാൻ തീരുമാനിച്ചു.
കണ്ടാൽ തെറ്റു പറയാൻ പറ്റാത്ത, ആരോഗ്യവാനായ, അദ്ധ്വാനിയായ ജോണിയ്ക്കു ഡൽഹി ജീവിതം സമ്മാനിച്ചതായിരുന്നു കഷണ്ടി.
മറ്റൊരു കുറവും അവനെ പറ്റി പറയാനില്ല.
കഷണ്ടിയും നരയും ഇക്കാലത്ത്  ഒരു കുറവായി കാണാൻ പറ്റുമോ ?

ബ്രോക്കർ മാരുടെ കൂടെ പല വീടുകളിലും പെണ്ണന്വേഷിച്ചു പോയി. ഒന്നും അങ്ങ് ശരിയായില്ല. ജോലിയില്ലാത്ത ചെറുക്കനെ കെട്ടാൻ ആരും വലിയ താല്പര്യം കാട്ടിയില്ല. പോരെങ്കിൽ പ്രായമായി വരുന്ന ഒരമ്മയാണ് വീട്ടിലുള്ളത്.
കഴിഞ്ഞ വർഷം ജോണിയെ കണ്ടപ്പോൾ, കല്യാണമൊക്കെ കഴിഞ്ഞു കാണുമല്ലോ അല്ലെ എന്ന എന്റെ കുശലാന്വേഷണത്തിനുള്ള മറുപടി
ഓ, ഒന്നുമായില്ല സാറേ - ഞാൻ, ഇനി കല്യാണം വേണ്ടെന്നു തീരുമാനിച്ചു, പെണ്ണ് തേടി നടന്നു മടുത്തു.

ജോണിയുടെ വീട് കണക്കാരിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെയുള്ള ഒരു ഗ്രാമത്തിലാണ്. 43 കാരനായ അവൻ ഇപ്പോളും അവിവാഹിതനായി കഴിയുന്നു.

അവധിക്കു ചെല്ലുമ്പോൾ, നെടുമ്പാശ്ശേരിയിൽ നിന്നും എയർപോർട്ട് ടാക്സിയിലാണ് 70 കിലോമീറ്റർ അകലെയുള്ള  വീട്ടിലേയ്ക്കു സാധാരണ പോകാറുള്ളത്. നാട്ടിൽ നിന്നും ടാക്സിക്കാരൻ വന്നു കാത്തു കിടക്കുന്നതിലും സൗകര്യം അതാണ്. ഇറങ്ങുമ്പോൾ തന്നെ നമ്മുടെ ഇഷ്ടത്തിനുള്ള ടാക്സിയിൽ കയറി യാത്ര തുടരാം.

ടാക്സിക്കാരനിൽ  നിന്നും നാട്ടു വിശേഷങ്ങളും രാഷ്ട്രീയവും സിനിമ വിശേഷവും എല്ലാം ചോദിച്ചറിയും. ചിലർ  അവരുടെ കുടുംബ വിശേഷങ്ങളും    വ്യക്തിപരമായ കാര്യങ്ങളുമൊക്കെ ഈ യാത്രക്കിടയിൽ പങ്കു വയ്ക്കും.

2019 ലെ യാത്രയിൽ, ടാക്സി ഡ്രൈവർഒരു ചെറുപ്പക്കാരനായിരുന്നു. 26 വയസ്സ് പ്രായം. പറഞ്ഞു വന്നപ്പോൾ അവന്റെ  കല്യാണത്തെപ്പറ്റി യും സംസാരിച്ചു. ടാക്സി ഡ്രൈവറിന്റെ ഭാര്യയായി വരാൻ തയാറുള്ള പെൺകുട്ടികൾ കുറവാണത്രേ  !
എല്ലാവര്‍ക്കും വേണ്ടത് സ്ഥിരം ജോലിയുള്ളവരെ, അതും സർക്കാർ ജോലിയെങ്കിൽ നല്ലത്. അടുത്ത  ചാൻസ് ഗൾഫ് കാരനാണ്.

എങ്ങിനെയും ഒരു വിസ സംഘടിപ്പിച്ചു ഗൾഫിൽ പോകാനും അതിനു ശേഷം കല്യാണം കഴിക്കാനും കാത്തിരിക്കയാണ് ടാക്സി ഡ്രൈവർ.
കല്യാണം കഴിഞ്ഞു തിരിച്ചു പോന്നാലും  കുഴപ്പമില്ല, കല്യാണ സമയത്തു ഗൾഫു കാരനായിരിക്കണം.

കോട്ടയം കാരനായ എന്റെ സുഹൃത്തിന്റെ ഇളയ അനുജനു വേണ്ടി പെണ്ണന്വേഷിക്കയാണ്.
ജോലിയുണ്ട്, തറവാട് അവനാണ്, സാമ്പത്തികവും നല്ലത്. വീട്ടിൽ അപ്പനും അമ്മയും (70 വയസ്സ് കഴിഞ്ഞവർ), 93 വയസ്സുകാരി വലിയമ്മയുമുണ്ട്.
വലിയമ്മയുടെ 97 വയസ്സുള്ള ജ്യേഷ്ഠത്തിയും, 90 വയസ്സുള്ള അനുജത്തി യും പൂർണ ആരോഗ്യത്തോടെ അവരവരുടെ  വീടുകളിൽ സുഖമായി കഴിയുന്നു.
ഒരു വർഷത്തിലേറെ അന്വേഷിച്ചു നടന്നിട്ടാണ് അവന്റെ കല്യാണം നടന്നത്.
വയസ്സു ചെന്ന മൂന്നു പേരുള്ള വീട്ടിലേയ്ക്കു പെൺകുട്ടിയെ പറഞ്ഞയക്കാൻ മാതാപിതാക്കൾക്കു താൽപര്യക്കുറവ്.
അവരൊക്കെ ഇനി എത്ര കാലം കുടി ജീവിച്ചിരിക്കുമെന്നു പറയാൻ പറ്റില്ലല്ലോ ?
കൂടുതൽ നാളിരുന്നാൽ മകൾക്കു  ബുദ്ധിമുട്ടാകില്ലേ ?!

കേരളത്തിലെ പെൺകുട്ടികളുടെ ഭാവി വരൻ സങ്കല്പങ്ങളൊക്കെ വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.
ഒരു സാധാരണ കൃഷിക്കാരന്റെ യോ,  കൂലിപ്പണിക്കാരന്റെയോ , ടാക്സി ഡ്രൈവറിന്റെയോ ഒന്നും ജീവിതസഖിയാകാൻ ഒരു മാതിരി പെകുട്ടികളൊന്നും ഇന്നു ധൈര്യപ്പെടുന്നില്ല.
ഇവരുടെയൊന്നും  വരുമാനം ബ്യുട്ടിപാർലറുകളും, ആധുനികതകളും അടക്കി വാഴുന്ന, ഇന്നിന്റെ സൗന്ദര്യ സങ്കല്പങ്ങൾ പേറി നടക്കുന്ന പെൺകുട്ടികളുടെ, ഒരു ദിവസത്തെ ചിലവിനു പോലും തികയില്ലെന്ന തിരിച്ചറിവു  തന്നെയാണ് അതിനു കാരണം. ജോലി യുള്ള പെൺകുട്ടികൾക്ക് മുകളിൽ പറഞ്ഞ വിഭാഗങ്ങളിലുള്ളവരെയൊന്നും പരിഗണിക്കേണ്ട തായി വരുന്നില്ല. അവർ ജോലി യുള്ള, അതും സർക്കാർ ജോലി യുള്ള ആരെയെങ്കിലുമായിരിക്കും തേടിപ്പോവുക.

തെറ്റു കൂടാതെ സ്വന്തം പേരെഴുതാൻ പോലും അറിയില്ലാത്തവർക്കു വരെ  പത്താം ക്ലാസ്സു ജയിച്ചു കയറാൻ സാഹചര്യമുള്ളപ്പോൾ മിക്കവരും തന്നെ പ്ലസ് ടു വും അതു  കഴിഞ്ഞു വീട്ടിലിരുന്നു ബോറടിക്കാതിരിക്കാൻ ഏതെങ്കിലുമൊക്കെ സമയം കൊല്ലി കോഴ്സുകളുമായി കല്യാണപ്രായമെത്തും. ഇക്കാലമത്രയും സിനിമാ താരങ്ങളെയും മോഡലുകളെയും ഒക്കെ അനുകരിച്ചും അവരെപ്പോലെയാവാൻ പര്യസ്യങ്ങളിൽ  കാണുന്ന സൗന്ദര്യ വർധക ഉപാധികൾ തരപ്പെടുത്തിയും വിലസി നടക്കുന്നവർക്ക് സ്ഥിര വരുമാനമില്ലാത്തവരെയോ സാധാരണ ജോലി ചെയ്യുന്നവരെയോ ഭർത്താവായി കാണുക ഊഹിക്കാൻ പോലും സാധ്യമല്ല.
പൈസ കൂടുതൽ കിട്ടിയാലും ശരീരം വിയർക്കുന്ന ജോലികൾ ചെയ്യാൻ ആർക്കുംതാല്പര്യമില്ല.

വളരെ തുച്ഛമായ ശമ്പളത്തിലാണെങ്കിലും ചെറിയ ചെറിയ ജോലികൾക്കായി അണിഞ്ഞൊരുങ്ങി രാവിലെ പോകാനും പാറിപ്പറന്നു നടക്കാനും വൈകിട്ടു കുടണയാനുമൊക്കെയാണ് അവർ ഇഷ്ടപ്പെടുന്നത്.

50 വർഷങ്ങൾക്കു മുൻപ് കർഷക കുടുംബങ്ങളിലേയ്ക്കും, കർഷക തൊഴിലാളികളുടെ കുടുബങ്ങളിലേക്കുമൊക്കെ വധുക്കളായെത്തുന്നവർ രണ്ടാം ദിവസം പറമ്പിലും പാടത്തുമൊക്കെ ഭർത്താവുമൊത്തു പണിക്കിറങ്ങിയിരുന്നത് പോയ കാലത്തിന്റെ സംസ്കാരമായിരുന്നു.
വിയർപ്പു പൊടിയുന്ന ശരീരങ്ങൾ ആർക്കും ഇന്നു  വേണ്ടാതായിരിക്കുന്നു.
അണു കുടുംബങ്ങളിൽ അലച്ചിലാറിയാതെ വളർന്ന പെൺകുട്ടികൾ ചെന്നു  കയറുന്ന വീട്ടിൽ, പ്രായമായവർ ഇല്ലെന്നുറപ്പു വരുത്തിയിട്ടാണ് പലരും ആലോചനകൾ മുൻപോട്ടു കൊണ്ടു പോകുന്നതു തന്നെ.

മക്കളോടുള്ള കരുതൽ നമ്മളെ എങ്ങോട്ടേയ്ക്കാണ് നയിക്കുന്നത് ?